---
title: "ലഹരിക്കെതിരെ ഓണക്കാലത്ത് 'തൂഫാൻ' ശക്തമാക്കും; കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്  "
english_title: "Kerala Home Minister Warns Strict Action Against Drug Trafficking During Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/378899/ kerala-home-minister-warns-strict-action-against-drug-trafficking-onam"
published_at: "2026-08-17T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a82b2b1ecc23_dd.jpeg"
keywords: ["Kerala Home Minister", "Operation Toofan", "Drug Seizure Kerala", "Onam Special Police Inspection"]
---

# ലഹരിക്കെതിരെ ഓണക്കാലത്ത് 'തൂഫാൻ' ശക്തമാക്കും; കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്  

> **Lead Summary:** **തിരുവനന്തപുരം**: വരുന്ന ഓണക്കാലത്ത് സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും എത്തിക്കാനും വിൽപന നടത്താനും ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം**: വരുന്ന ഓണക്കാലത്ത് സംസ്ഥാനത്ത് മയക്കുമരുന്നും കഞ്ചാവും എത്തിക്കാനും വിൽപന നടത്താനും ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ലഹരി മാഫിയകൾക്കെതിരെ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾ കൂടുതൽ ശക്തമാക്കാൻ പൊലീസ് സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

ലഹരിവിരുദ്ധ പരിശോധനകളിൽ യാതൊരുവിധ വീഴ്ചയും അനുവദിക്കില്ലെന്നും കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.'തൂഫാൻ' പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ലഹരി വ്യാപാരികളെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

വരും ദിവസങ്ങളിലും ഓണാഘോഷ വേളകളിലും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും നഗര-ഗ്രാമ വ്യത്യാസമില്ലാതെയും പരിശോധന ഊർജിതമാക്കും. അതേസമയം, സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ (എസ്.എച്ച്.ഒ) ചുമതലയും നിർവഹണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് മന്ത്രി സഭയെ അറിയിച്ചു. എസ്.ഐമാർക്ക് പുതിയ ചുമതലകൾ നൽകുന്ന നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയാകും.

കാലടി സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ ശവമഞ്ചം ഒരുക്കി പ്രതിഷേധിച്ച സംഭവം അതീവ ഗൗരവമുള്ളതാണെന്നും, അത് പ്രാകൃതവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/378899/ kerala-home-minister-warns-strict-action-against-drug-trafficking-onam)